NRI
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ അമേരിക്കൻ സന്ദർശനം വിജയകരമായി സമാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ അവസാന ഘട്ടത്തിലാണെന്നും ഉടൻ തന്നെ ഇത് പൂർത്തിയാകുമെന്നും ഇത് ഇന്ത്യ-യുഎസ് ബന്ധത്തിൽ പുതിയൊരു അധ്യായം തുറക്കുമെന്നും എസ്. ജയശങ്കർ പറഞ്ഞു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിളിച്ചുചേർത്ത ക്രിട്ടിക്കൽ മിനറൽസ് മിനിസ്റ്റീരിയലിലും പങ്കെടുത്ത അമേരിക്കൻ സന്ദർശനം അവസാനിപ്പിച്ചപ്പോഴാണ് ജയശങ്കർ ഈ പരാമർശം നടത്തിയത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് എന്നിവരുമായി അദ്ദേഹം ചർച്ചകൾ നടത്തി. ഖനനം, പ്രതിരോധം, ഊർജം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനമായി.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വലിയ മുന്നേറ്റത്തിലാണെന്ന് സന്ദർശനത്തിന് ശേഷം മന്ത്രി വ്യക്തമാക്കി.
International
വാഷിംഗ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ഇടക്കാല വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്ക്. ഇതു സംബന്ധിച്ച ഉഭയകക്ഷി ധാരണകളുടെ സംയുക്ത പ്രസ്താവന വൈറ്റ് ഹൗസ് പുറത്തിറക്കി. കരാർ യാഥാർഥ്യമാകുന്നതോടെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ അമേരിക്ക ചുമത്തിയിരുന്ന നികുതിയിൽ വൻ കുറവുണ്ടാകും.
നിലവിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തുന്ന 50 ശതമാനം നികുതി 18 ശതമാനമായി കുറയ്ക്കാൻ ധാരണയായി. വസ്ത്രങ്ങൾ , പാദരക്ഷകൾ, ലെതർ ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക്, റബ്ബർ തുടങ്ങിയ മേഖലകൾക്ക് ഇത് വലിയ ഉത്തേജനം നൽകും.
അമേരിക്കയിൽ നിന്നുള്ള ബദാം, വാൾനട്ട്, സംസ്കരിച്ച പഴങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ ഇന്ത്യയും കുറയ്ക്കും. എന്നാൽ ഇന്ത്യൻ കർഷകരെ ബാധിക്കുന്ന സെൻസിറ്റീവ് ഉത് പ്പന്നങ്ങളെയും ഡയറി മേഖലയെയും കരാറിൽ നിന്ന് ഒഴിവാക്കി സംരക്ഷിച്ചിട്ടുണ്ട്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഊർജ്ജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലായി 500 ബില്യൺ ഡോളറിന്റെ ഉത്പ്പന്നങ്ങൾ അമേരിക്കയിൽ നിന്ന് വാങ്ങാൻ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ച് അമേരിക്കയിൽ നിന്ന് കൂടുതൽ ഊർജ്ജം വാങ്ങാനും ധാരണയുണ്ട്.
ജെനറിക് മരുന്നുകൾ, രത്നങ്ങൾ, വജ്രം എന്നിവയ്ക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന അധിക നികുതികൾ പിൻവലിക്കും. കഴിഞ്ഞ ഒരു വർഷത്തിലേറെയായി നിലനിന്നിരുന്ന വ്യാപാര തർക്കങ്ങൾക്കാണ് ഇതോടെ അന്ത്യമാകുന്നത്. 'മെയ്ഡ് ഇൻ ഇന്ത്യ' ഉത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കാനും കയറ്റുമതി വർധിപ്പിക്കാനും ഈ കരാർ വഴിയൊരുക്കും. നികുതി ഭാരം കുറയുന്നത് ഇന്ത്യയിലെ ചെറുകിട-ഇടത്തരം വ്യവസായികൾക്ക് വലിയ ആശ്വാസമാകും.
International
ന്യൂഡൽഹി: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാനും പകരം അമേരിക്കയിൽനിന്ന് വൻതോതിൽ ഊർജ-സാങ്കേതിക ഉത്പന്നങ്ങൾ വാങ്ങാനുമുള്ള നിർണായക വ്യാപാര കരാറിൽ ഇന്ത്യയും അമേരിക്കയും മാർച്ചിൽ ഒപ്പിടും. കരാർ പ്രകാരം ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന നികുതി 18 ശതമാനമായി കുറയ്ക്കും. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലാണ് കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത്. 2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 500 ബില്യൺ ഡോളറിൽ എത്തിക്കുകയാണു ലക്ഷ്യം.
പ്രധാന വ്യവസ്ഥകൾ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ചർച്ചകളെത്തുടർന്നാണ് കരാറിൽ ധാരണയായത്. കരാറിലെ പ്രധാന ധാരണകൾ:
ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്കുമേൽ നിലവിലുള്ള ഉയർന്ന നികുതി 18 ശതമാനമായി അമേരിക്ക കുറയ്ക്കും. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കും. ഇതു സംബന്ധിച്ച കർശനമായ നിലപാട് അമേരിക്ക മുന്നോട്ടുവച്ചിരുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഊർജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽനിന്ന് ഏകദേശം 500 ബില്യൺ ഡോളറിന്റെ ഉത്പന്നങ്ങൾ ഇന്ത്യ അമേരിക്കയിൽനിന്നു വാങ്ങും. ഇതിൽ ബോയിംഗ് വിമാന ഇടപാടുകളും ഇതിൽ ഉൾപ്പെടുന്നു.
ആഭ്യന്തര മേഖലയ്ക്കു സംരക്ഷണം
അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് എത്തുമ്പോഴും രാജ്യത്തെ കർഷകരുടെയും ക്ഷീരകർഷകരുടെയും താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നു കേന്ദ്രം ഉറപ്പുനൽകുന്നു. പാലും മത്സ്യബന്ധന മേഖലയും ഉൾപ്പെടെയുള്ള മേഖലകളെ കരാറിൽനിന്ന് ഒഴിവാക്കും.
പ്രതിപക്ഷ പ്രതിഷേധം
കരാറിലെ സുതാര്യതയില്ലായ്മ ആരോപിച്ചു പ്രതിപക്ഷം പാർലമെന്റിൽ ശക്തമായ പ്രതിഷേധം ഉയർത്തി. കരാറിന്റെ പൂർണരൂപം വെളിപ്പെടുത്താത്തതും റഷ്യയുമായുള്ള ബന്ധം തകരുന്നതും പ്രതിപക്ഷം ചോദ്യം ചെയ്തു. എന്നാൽ, എംഎസ്എംഇ മേഖലയ്ക്കും ആഭ്യന്തര നിർമാണമേഖലയ്ക്കും കരാർ വലിയ കരുത്തേകുമെന്നു പീയൂഷ് ഗോയൽ പറയുന്നു. കരാറിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന സംയുക്ത പ്രസ്താവന അഞ്ചു ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്നും മാർച്ച് പകുതിയോടെ ഔദ്യോഗികമായി കരാർ ഒപ്പിടുമെന്നും മന്ത്രി അറിയിച്ചു.
National
ന്യൂഡൽഹി: ഇന്ത്യ- അമേരിക്ക വ്യാപാര കരാർ ഇനിയും ഒപ്പുവച്ചിട്ടില്ലെന്നും അന്തിമ ഘട്ടത്തിലാണെന്നും വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. കൃഷി, ക്ഷീര മേഖലകൾ അടക്കമുള്ള അതീവ സംവേദനക്ഷമമായ (സെൻസിറ്റീവ്) മേഖലകളുടെ താത്പര്യം കരാറിൽ സംരക്ഷിച്ചുവെന്നും പാർലമെന്റിന്റെ ഇരുസഭകളിലും നടത്തിയ പ്രസ്താവനയിൽ മന്ത്രി പറഞ്ഞു.
►► കടലാസ് ജോലികൾ ബാക്കി
കരാറുമായി ബന്ധപ്പെട്ട പ്രധാന പ്രക്രിയകൾ നിറവേറ്റുന്നതിനുള്ള കടലാസുജോലികൾ അന്തിമമാക്കുന്നതിനായി ഇരുരാജ്യങ്ങളും ഒരുമിച്ചു പ്രവർത്തിക്കുകയാണ്. ഈ പ്രക്രിയകൾ പൂർത്തിയാക്കിയശേഷം സംയുക്ത പ്രസ്താവന ഉടൻ പുറത്തിറക്കും. കരാർ ഒപ്പുവച്ചശേഷം വിശദാംശങ്ങൾ പാർലമെന്റിനെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. ചെറുകിട, ഇടത്തരം ബിസിനസുകാർ, എംഎസ്എംഇകൾ, വ്യവസായങ്ങൾ എന്നിവയ്ക്കും വിദഗ്ധ തൊഴിലാളികൾക്കും ഇന്ത്യ- അമേരിക്ക വ്യാപാര കരാർ പുതിയ അവസരങ്ങൾ നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമാണു കരാറെന്നും ഗോയൽ പറഞ്ഞു.
ഇതേസമയം, ഏതൊക്കെ കാർഷിക ഇനങ്ങളെ ഏതു തരത്തിലാണ് അമേരിക്കയിൽനിന്നുള്ള ഇറക്കുമതിയിൽനിന്ന് ഒഴിവാക്കിയതെന്നു മന്ത്രി പാർലമെന്റിൽ വിശദീകരിച്ചില്ല. അമേരിക്കയുമായുള്ള വ്യാപാര കരാറിന്റെ വിശദാംശങ്ങളും പ്രസ്താവനയിൽ ഉണ്ടായില്ല. പ്രധാനമന്ത്രി മോദിയെ പുകഴ്ത്താനും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ വിമർശിക്കാനും ഗോയൽ ശ്രദ്ധിച്ചു. പ്രതിപക്ഷ ബഹളം മൂലമാണ് ചൊവ്വാഴ്ച പാർലമെന്റിൽ പ്രസ്താവന നടത്താതിരുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അമേരിക്കയ്ക്കു കേന്ദ്രസർക്കാർ കീഴടങ്ങിയെന്നും കർഷകരുടെ നട്ടൊല്ലൊടിക്കുന്നതാണു കരാറെന്നും കുറ്റപ്പെടുത്തി പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് ലോക്സഭയിൽ പിയൂഷ് ഗോയൽ പ്രസ്താവന വായിച്ചത്. കടലാസ് കീറിയെറിയുകയും സ്പീക്കറുടെ മൈക്കിൽ തട്ടുകയും ചെയ്തതിന് ഹൈബി ഈഡൻ, ഡീൻ കുര്യക്കോസ് എന്നിവരടക്കം ചൊവ്വാഴ്ച സസ്പെൻഡ് ചെയ്ത എട്ട് എംപിമാർ പാർലമെന്റിനു പുറത്തു ധർണ നടത്തി. രാഹുലും പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും അടക്കമുള്ള നേതാക്കൾ ഇവരുടെ അടുത്തെത്തി പിന്തുണ പ്രഖ്യാപിച്ച ശേഷമാണു സഭയിലെത്തിയത്.
►► അമേരിക്ക പ്രഖ്യാപിച്ചു
രാജ്യത്തെ 140 കോടി ആളുകളുടെ ഊർജ ആവശ്യങ്ങൾ സംരക്ഷിക്കുകയാണ് മോദിസർക്കാരിന്റെ ഏറ്റവും വലിയ മുൻഗണനയെന്ന് വാണിജ്യമന്ത്രി വ്യക്തമാക്കി. അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ തീരുവ 18 ശതമാനമായി കുറയ്ക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതായി അദ്ദേഹം പറഞ്ഞു.
പല രാജ്യങ്ങൾക്കും അമേരിക്ക ഏർപ്പെടുത്തിയ തീരുവകളേക്കാൾ കുറവാണിത്. കരാർപ്രകാരം, ഇന്ത്യയുടെമേലുള്ള 25 ശതമാനം തീരുവ 18 ശതമാനമായി കുറയ്ക്കാനും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ചുമത്തിയ 25 ശതമാനം അധിക പിഴത്തീരുവ പൂർണമായി നീക്കാനും അമേരിക്ക സമ്മതിച്ചു.
നമ്മുടെ തൊഴിൽ തീവ്ര മേഖലകൾ, കയറ്റുമതി മേഖലകൾ, തുണിത്തരങ്ങൾ, പ്ലാസ്റ്റിക്കുകൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, തുകൽ, പാദരക്ഷകൾ, രത്നങ്ങൾ, ആഭരണങ്ങൾ, ജൈവ രാസവസ്തുക്കൾ, റബർ ഉത്പന്നങ്ങൾ, യന്ത്രസാമഗ്രികൾ, വിമാന ഘടകങ്ങൾ തുടങ്ങിവയ്ക്ക് വലിയ അവസരങ്ങൾ ലഭിക്കുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തു. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്ന കരാറാണിതെന്ന് ഗോയൽ പറഞ്ഞു.
►► ഇന്ത്യയുടെ കയറ്റുമതി മത്സരശേഷി വർധിക്കും
ഉത്പാദനം ശക്തിപ്പെടുത്താനും തൊഴിലവസരങ്ങൾ വികസിപ്പിക്കാനും സാന്പത്തികവളർച്ച ത്വരിതപ്പെടുത്താനും കരാർ സഹായിക്കും. ഇരുരാജ്യങ്ങൾക്കും പുതിയ ബിസിനസ് വഴികൾ തുറക്കുന്നതിനും വഴിയൊരുക്കും. അമേരിക്കൻ വിപണിയിൽ ഇന്ത്യയുടെ കയറ്റുമതി മത്സരശേഷി വർധിപ്പിക്കും.
ഇന്ത്യയിലെ എല്ലാ തൊഴിൽ, കയറ്റുമതി മേഖലകൾക്കും കരാർ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കരാറിന്റെ അന്തിമ ധാരണ ഒപ്പുവയ്ക്കുകയും സംയുക്ത പ്രസ്താവന അന്തിമമാക്കുകയും ചെയ്യുന്നതടക്കമുള്ള സാങ്കേതിക പ്രക്രിയകൾ പൂർത്തിയാകുന്പോൾ, പൂർണവിവരങ്ങൾ പങ്കിടുമെന്ന് പാർലമെന്റിനുപുറത്ത് മാധ്യമങ്ങളോടു സംസാരിക്കവേ മന്ത്രി പറഞ്ഞു. എന്നാൽ കൃത്യമായ സമയക്രമം പങ്കുവച്ചില്ല. ഒരാഴ്ചയ്ക്കകം സംയുക്ത പ്രസ്താവന പ്രതീക്ഷിക്കുന്നതായി ഉന്നതർ സൂചന നൽകി.
National
ന്യൂഡൽഹി: ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾക്ക് ചുമത്തിയിരുന്ന ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചതിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യൽ മീഡിയയിലൂടെയാണ് ട്രംപിന് നന്ദി അറിയിച്ച് മോദി രംഗത്തെത്തിയത്.
പ്രിയ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി സംസാരിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ 18 ശതമാനമായി കുറയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി കുറിച്ചു.
ട്രംപിന്റെ പ്രഖ്യാപനത്തിൽ 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ച് നന്ദി അറിയിക്കുന്നതായും മോദി വ്യക്തമാക്കി. വലിയ രണ്ട് സമ്പദ്വ്യവസ്ഥകളും ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിക്കുമ്പോൾ ജനങ്ങൾക്ക് പ്രയോജനകരമാകുമെന്നും കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും പ്രധാനമന്ത്രി കുറിച്ചു.
സമാധാനത്തിനായുള്ള ട്രംപിന്റെ പ്രവർത്തനങ്ങളെ ഇന്ത്യ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ച മോദി ലോക സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും ട്രംപിന്റെ നേതൃത്വം നിർണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ഇറക്കുമതി തീരുവ കുറച്ചതിൽ നന്ദി അറിയിച്ചെങ്കിലും വ്യാപാര കരാർ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ പരാമർശമില്ലെന്നതും ശ്രദ്ധേയമാണ്.
International
വാഷിംഗ്ടണ് ഡിസി: ഇന്ത്യയുമായുള്ള വ്യാപാരക്കരാറായെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയ്ക്ക് ചുമത്തിയ പകരം തീരുവ കുറയ്ക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
തീരുവ 25 ശതമാനത്തിൽനിന്നും 18 ശതമാനമായി കുറയ്ക്കും. റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ ധാരണയായെന്നും ട്രംപ് അവകാശപ്പെട്ടു. ട്രംപ് തന്റെ സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചുവെന്ന് നേരത്തെ ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പോസ്റ്റ്.
Business
ന്യൂഡൽഹി: അടുത്തയാഴ്ച യാഥാർഥ്യമാകുന്ന ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന തീരുവ ഭീഷണി അടക്കമുള്ള വെല്ലുവിളികൾക്കും സമ്മർദങ്ങൾക്കുമുള്ള ഇന്ത്യയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും മറുപടിയാകും. കഴിഞ്ഞ ഫെബ്രുവരിയിൽ ചർച്ചകൾ ആരംഭിച്ച ഇന്ത്യ- അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ വഴിമുട്ടി നിൽക്കുകയുമാണ്.
ഇന്ത്യക്കെതിരായ തീരുവ മുതൽ ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ട്രംപിന്റെ നടപടികളാണ് ഇന്ത്യ- ഇയു കരാർ വേഗത്തിലാക്കിയത്. ഇന്ത്യയിൽനിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 50 ശതമാനം തീരുവ ചുമത്തുകയും യൂറോപ്യൻ യൂണിയൻ ഇറക്കുമതികൾക്ക് 20 ശതമാനം അടിസ്ഥാന തീരുവ ചുമത്തുകയും ചെയ്തിരുന്നു.
ചൈനയുടെ വെല്ലുവിളിയും പ്രധാന ഘടകമായിരുന്നു. ഉത്പാദനമേഖലകളിലെ ചൈനയുടെ ആധിപത്യത്തെക്കുറിച്ച് ഇയു കൂടുതൽ ആശങ്കാകുലരാണ്. ചൈനീസ് എതിരാളികളുമായി മത്സരിക്കുക ഇന്ത്യക്കും യൂറോപ്യൻ യൂണിയനും പ്രയാസമാണ്.
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ വരുന്ന സ്വതന്ത്ര വ്യാപാര കരാർ വൻകിട വ്യവസായങ്ങൾക്ക് കരുത്തേകും. എന്നാൽ കൃഷി, പാൽ ഉത്പന്നങ്ങൾ തുടങ്ങിയവയിൽ ഇന്ത്യക്കു ഭീഷണിയുണ്ട്. കേരളത്തിലെ കർഷകർക്ക് പ്രത്യേകിച്ചു ക്ഷീര കർഷകർക്ക് കരാർ തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിലെ പാൽ, ചോക്ലേറ്റ് ഉത്പന്നങ്ങളും അനിയന്ത്രിതമായി ഇന്ത്യൻ വിപണികളിലേക്ക് ഒഴുകിയാൽ ഇന്ത്യയിലെ കൊക്കോ, ക്ഷീര കർഷകർക്ക് ആരു സംരക്ഷണം നൽകുമെന്നതിൽ വ്യക്തതയില്ല. ലോകത്തിലെതന്നെ ഏറ്റവും മികച്ച പാൽ, ചോക്ലേറ്റ്, ബിസ്കറ്റ് നിർമാതാക്കൾ യൂറോപ്യൻ രാജ്യങ്ങളാണ്.
എന്നാൽ ഫാർമസ്യൂട്ടിക്കൽസ്, എൻജിനിയറിംഗ് സാധനങ്ങൾ, ഓട്ടോമോട്ടീവ് ഘടകങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ കയറ്റുമതി വർധിപ്പിക്കുന്നത് ഇന്ത്യക്കു നേട്ടമാകും. അമേരിക്കൻ തീരുവ ബാധിച്ച തുണിത്തരങ്ങൾ, ആഭരണങ്ങൾ, തുകൽ വസ്തുക്കൾ തുടങ്ങിയവയ്ക്ക് 27 വികസിത രാജ്യങ്ങളിൽ ബദൽ വിപണി തുറക്കും. നിലവിൽ ബംഗ്ലാദേശി തുണിത്തരങ്ങൾക്ക് പൂജ്യം തീരുവയുള്ളപ്പോൾ ഇന്ത്യൻ തുണിത്തരങ്ങൾക്ക് ഇയുവിൽ പത്തു ശതമാനം തീരുവയുണ്ട്. കരാർ നടപ്പായാൽ ഇന്ത്യക്കും തീരുവയില്ലാതാകും.
ഇന്ത്യൻ ഐടി, സേവന കയറ്റുമതിക്കും വിദഗ്ധ പ്രഫഷണലുകളുടെ കുടിയേറ്റത്തിനും കരാർ സഹായകമാകും. അമേരിക്കയെ ആശ്രയിക്കുന്നത് കുറയുകയും ചെയ്യും. സോളാർ അടക്കം പുനരുപയോഗ ഊർജഘടകങ്ങൾ പോലുള്ള ഇന്ത്യൻ വ്യവസായങ്ങൾക്കും അനുകൂല വിപണി ലഭിക്കും.
വിമാനം, ഓട്ടോമൊബൈൽസ്, ഇലക്ട്രിക്കൽ മെഷിനറികൾ, പാനീയങ്ങൾ, കെമിക്കൽസ് തുടങ്ങിയവയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതിയാണ് യൂറോപ്യൻ യൂണിയന്റെ ലക്ഷ്യം. വിമാനഭാഗങ്ങൾ, വജ്രങ്ങൾ, ആഡംബരവസ്തുക്കൾ തുടങ്ങിയ ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ പുതിയ വിപണി കണ്ടെത്താനാകും.
ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ തീരുവ ഇല്ലാതാകുകയോ തീർത്തും കുറയുകയോ ചെയ്യുന്നതോടെ വിദേശമദ്യവും വൈനുകളും മുതൽ ആഡംബര കാറുകൾ വരെയുള്ളവയിൽ യൂറോപ്യൻ യൂണിയന് കാര്യമായ നേട്ടമുണ്ടാകും.
National
മുംബൈ: ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ഉടൻ ഒപ്പുവയ്ക്കുമെന്ന് റിപ്പോർട്ട്. ഇതു സംബന്ധിച്ചുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ വ്യക്തമാക്കി.
അതേസമയം കരാർ എപ്പോൾ യാഥാർഥ്യമാകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ അവസാനം വാണിജ്യമന്ത്രി പീയൂഷ് ഗോയലും അമേരിക്കൻ വാണിജ്യ പ്രതിനിധി ജാമിസൺ ഗ്രീറും തമ്മിൽ ഓൺലൈനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
അമേരിക്കയുമായി ഇന്ത്യ എപ്പോഴും ചർച്ചകൾക്കു സന്നദ്ധമായിട്ടുണ്ട്. ഇപ്പോഴും തീരുമാനമാകാതെ കിടക്കുന്ന ചില വിഷയങ്ങളിൽ ചർച്ചകൾ നടക്കുകയാണ്. ഇതിലെ ധാരണയ്ക്ക് കൃത്യമായ സമയം പറയാൻ കഴിയില്ലെന്നും രാജേഷ് അഗർവാൾ പറഞ്ഞു.
National
ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ(എഫ്ടിഎ) യാഥാർഥ്യത്തിലേക്ക്.
ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ടെലിഫോണ് സംഭാഷണത്തിനു ശേഷമാണ് സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ പൂർത്തിയായതായി ഇരുനേതാക്കളും അറിയിച്ചത്. ഇരുരാജ്യങ്ങളുടെയും വ്യാപാരം ഊർജിതമാക്കുന്ന കരാർ മൂന്നു മാസത്തിനകം ഒപ്പിടുമെന്നാണ് റിപ്പോർട്ട്.
ഒമാൻ, യുകെ, യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ (ഇഎഫ്ടിഎ രാജ്യങ്ങൾ), യുഎഇ, ഓസ്ട്രേലിയ, മൗറീഷ്യസ് എന്നീ രാജ്യങ്ങൾക്കുശേഷം സമീപവർഷങ്ങളിൽ ഇന്ത്യ ഒപ്പിടുന്ന ഏഴാമത്തെ സ്വതന്ത്ര വ്യാപാരക്കരാറാണ് ന്യൂസിലൻഡുമായുള്ളത്.
ഈ വർഷം മാർച്ചിൽ ലക്സണ് ഇന്ത്യ സന്ദർശിച്ചപ്പോഴാണ് കരാർ സംബന്ധിച്ച ചർച്ചകൾക്കു തുടക്കമായത്. ഒന്പത് മാസമെന്ന റെക്കോർഡ് സമയത്തിനുള്ളിലാണ് എഫ്ടിഎ അന്തിമമാകുന്നതെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു.
സ്വതന്ത്ര വ്യാപാരക്കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരപങ്കാളിത്തം ആഴത്തിലാക്കുമെന്നും നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും ഇരുരാജ്യങ്ങളിലെയും സംരംഭകർ, കർഷകർ, ചെറുകിട വ്യാപാരികൾ, വിദ്യാർഥികൾ, യുവാക്കൾ എന്നിവർക്ക് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി മോദിയുടെ ഓഫീസ് അറിയിച്ചു.
കരാർ പ്രാബല്യത്തിലായിക്കഴിഞ്ഞാൽ ഇന്ത്യയിൽനിന്നുള്ള എല്ലാ കയറ്റുമതികൾക്കും തീരുവ ഒഴിവാക്കി ന്യൂസിലൻഡ് ഡ്യൂട്ടി ഫ്രീ വ്യാപാരം അനുവദിക്കും. പകരമായി ഇന്ത്യയും തീരുവ ഉദാരവത്കരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ന്യൂസിലൻഡിൽനിന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന 95 ശതമാനം ഉത്പന്നങ്ങളുടെയും തീരുവകൾ നീക്കം ചെയ്യുകയോ കുറയ്ക്കുകയോ ചെയ്യുന്ന നടപടിയാണിതെന്ന് ലക്സണ് പറഞ്ഞു.
നൂറു ശതമാനം ഡ്യൂട്ടി ഫ്രീ വ്യാപാരം ന്യൂസിലൻഡ് തുറന്നുനൽകുന്നത് ഇന്ത്യയിലെ തൊഴിൽ കേന്ദ്രീകൃത മേഖലകളായ ടെക്സ്റ്റൈൽ, ലെതർ, ചെരിപ്പുകൾ, സമുദ്രോത്പന്നങ്ങൾ, ആഭരണങ്ങൾ, കൈത്തറി-എൻജിനിയറിംഗ് ഉത്പന്നങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയ്ക്ക് ഗുണകരമാകും. ഇന്ത്യയുടെ ആഭ്യന്തര, കാർഷിക മേഖലകളെ സംരക്ഷിക്കാൻ പാലുത്പന്നങ്ങൾ, ചില പച്ചക്കറി, പഞ്ചസാര, റബർ, കൃത്രിമ തേൻ തുടങ്ങിയവയെ കരാറിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യൻ പ്രൊഫഷണലുകൾക്ക് താത്കാലിക വീസ
നൈപുണ്യജോലികളിൽ ഏർപ്പെട്ടിരിക്കുന്ന 5000 ഇന്ത്യൻ പ്രൊഫഷണലുകളെ മൂന്നുവർഷം വരെ ന്യൂസിലൻഡിൽ തങ്ങാൻ അനുവദിക്കുന്ന താത്കാലിക തൊഴിൽ എൻട്രി വീസകളും കരാർ പ്രദാനം ചെയ്യും. ഇന്ത്യൻ വിദ്യാർഥികൾക്ക് നിശ്ചയിച്ചിരുന്ന എണ്ണത്തിലുള്ള പരിധി കരാർ ഒഴിവാക്കാനും പഠനത്തിനിടയിൽ ആഴ്ചയിൽ 20 മണിക്കൂർ വരെ ജോലി ചെയ്യാനും കരാർ അനുവദിക്കുന്നു.
ഇതിനോടൊപ്പം ശാസ്ത്ര, സാങ്കേതിക, എൻജിനിയറിംഗ്, മാത്തമാറ്റിക്സ് (എസ്ടിഇഎം) മേഖലകളിൽ ബിരുദ, ബിരുദാനന്തരം പൂർത്തിയാക്കുന്നവർക്ക് മൂന്നു വർഷം വരെയുള്ള പഠനാനന്തര തൊഴിൽ വീസകളും കരാർ നൽകുന്നു.
Business
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ആദ്യഘട്ടത്തെ സംബന്ധിച്ചുള്ള ചർച്ചകൾ ഈ മാസം പത്തിന് ആരംഭിക്കുമെന്ന് സൂചന.
വ്യാപാരക്കരാറിൽ ധാരണയിലെത്താനുള്ള കാര്യങ്ങൾ സംബന്ധിച്ചുള്ള ത്രിദിന ചർച്ച 12ന് അവസാനിക്കുമെന്നും ഈ ചർച്ച ഔദ്യോഗികമല്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിന് ഇന്ത്യക്കുമേൽ അമേരിക്ക 25 ശതമാനം അധിക പിഴത്തീരുവ ഏർപ്പെടുത്തിയതിനുശേഷം യുഎസ് അധികൃതർ വ്യാപാര ചർച്ചകൾക്കായി രണ്ടാം തവണയാണ് ഇന്ത്യയിലെത്തുന്നത്. ഇതിനുമുന്പ് സെപ്റ്റംബർ 16നായിരുന്നു യുഎസ് പ്രതിനിധിസംഘം രാജ്യത്തെത്തിയത്. ഇതിനുപിന്നാലെ വ്യവസായമന്ത്രി പിയൂഷ് ഗോയൽ സെപ്റ്റംബർ 22ന് വ്യാപാര ചർച്ചകൾക്കായി അമേരിക്ക സന്ദർശിച്ചിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ദ്വിദിന ഇന്ത്യൻ സന്ദർശനത്തിനു പിന്നാലെയാണ് ഉഭയകക്ഷി വ്യാപാരക്കരാറിന്റെ അനൗദ്യോഗിക ചർച്ചകൾക്കായി യുഎസ് പ്രതിനിധിസംഘം രാജ്യത്ത് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
National
ന്യൂഡൽഹി: ഇന്ത്യ യുഎസുമായി നീതിയുക്തവും തുല്യവും നിഷ്പക്ഷവുമായ വ്യാപാര കരാറാണ് ലക്ഷ്യമിടുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. കർഷകരുടെയും മത്സ്യതൊഴിലാളികളുടെയും ക്ഷീരമേഖലയുടെയും താൽപ്പര്യങ്ങളിൽ വീട്ടുവീഴ്ച ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയും യുഎസും തമ്മില് ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ താൽപ്പര്യം മുൻനിർത്തി ഒരു വ്യാപാര കരാറിനായി ശ്രമം തുടരുകയാണ്. അതേസമയം നമ്മുടെ കർഷകരുടെയും മത്സ്യതൊഴിലാളികളുടെയും തൊഴിലാളികളുടെയും ക്ഷീര കർഷകരുടെയും താൽപ്പര്യങ്ങള്ക്ക് വിട്ടുവീഴ്ച ചെയ്യില്ലെന്നും 2025 ഉദ്യോഗ് സമാഗമത്തിൽ പങ്കെടുക്കവേ മന്ത്രി പിയുഷ് ഗോയൽ പറഞ്ഞു.
മത്സ്യബന്ധന മേഖലകൾക്ക് യുഎസിൽ ഉയർന്ന തീരുവ ഈടാക്കുന്നതുമൂലം റഷ്യ പോലുള്ള പുതിയ വിപണികൾ ഇന്ത്യ ഉറ്റുനോക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ - യുഎസ് വ്യാപാര കരാറിനായ ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ അഞ്ച് റൗണ്ട് ചർച്ചകളാണ് പൂർത്തിയാക്കിയത്.
Business
ന്യൂയോർക്ക്: ചൈനയുമായി യുഎസ് വ്യാപാരക്കരാർ ഒപ്പിട്ടുവെന്നും അടുത്തത് ഇന്ത്യയുമായിട്ടുള്ള ‘വളരെ വലിയ’കരാർ ആയിരിക്കാമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. തന്റെ സ്വപ്നമായ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ വാക്കുകൾ. ജനീവയിൽ നടന്ന പ്രാഥമിക ചർച്ചകളുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. പരസ്പരം ചുമത്തിയ താരിഫുകൾ കുറയ്ക്കാൻ ധാരണയായത് അവിടെവെച്ചാണ്. പിന്നീട് ലണ്ടനിലും ചർച്ചകൾ മുന്നോട്ടു പോയിരുന്നു. “എല്ലാവർക്കും ഒരു കരാറുണ്ടാക്കാനും അതിന്റെ ഭാഗമാകാനും ഇഷ്ടമാണ്. നിങ്ങൾക്ക് കരാറിൽ ഏർപ്പെടാൻ താത്പര്യമുള്ള ആരെങ്കിലുമുണ്ടോ എന്നാണ് ഏതാനും മാസം മുന്പ് മാധ്യമങ്ങൾ ചോദിച്ചിരുന്നത്. ഇന്നലെ നാം ചൈനയുമായി കരാർ ഒപ്പുവച്ചു. ചില മികച്ച ഡീലുകൾ വരുന്നുണ്ട്. അടുത്തത് ഇന്ത്യയുമായിട്ടുള്ളതാകാം. വളരെ വലുതാണത്’’, അദ്ദേഹം പറഞ്ഞു. എന്നാൽ എല്ലാ രാജ്യങ്ങളുമായും കരാറുകൾ ഉണ്ടാക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
യുഎസുമായി കരാറിലേർപ്പെടാത്ത രാജ്യങ്ങൾക്ക് കനത്ത നികുതി ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു. “നാം എല്ലാവരുമായും ഡീലുകൾ ഉണ്ടാക്കില്ല. ചിലർക്ക് നാം നന്ദി പറഞ്ഞുകൊണ്ടൊരു കത്തെഴുതും. 25, 35, 45 ശതമാനം നികുതി അവർ നൽകണം. അതാണ് ഏറ്റവും എളുപ്പമുള്ള വഴി. പക്ഷേ, എന്റെ ജനതയ്ക്ക് അങ്ങനെ ചെയ്യാൻ താത്പര്യമില്ല. അതിൽ അല്പമൊക്കെ ചെയ്യാൻ ആഗ്രഹമുണ്ട്. പക്ഷേ ഞാൻ ഉണ്ടാക്കുന്നതിനേക്കാളും കൂടുതൽ ഡീലുകൾ ഉണ്ടാക്കാൻ അവർ അഗ്രഹിക്കുന്നു’’ ട്രംപ് പറഞ്ഞു. യുഎസ്-ചൈന കരാറിന്റെ വിശദാംശങ്ങളിലേക്ക് അദ്ദേഹം കടന്നില്ലെങ്കിലും, റെയർ എർത്ത് മൂലകങ്ങളുമായി ബന്ധപ്പെട്ടതാണിതെന്നു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
നിർണായക ധാതുക്കളുടെയും കാന്തങ്ങളുടെയും മേൽ ചൈന ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മൂലം ഉണ്ടാകുന്ന കാലതാമസം യുഎസ് വ്യവസായങ്ങളെ (വാഹനം, പ്രതിരോധം, സാങ്കേതിക വിദ്യ) ബാധിക്കുന്നത് ഒഴിവാക്കാനും ധാരണയായെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. അവർ റെയർ എർത്ത് മൂലകങ്ങൾ നമുക്ക് കൈമാറുന്പോൾ അവർക്കുമേൽ നമ്മൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും നീക്കുമെന്ന് യുഎസ് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുത്നിക് പറഞ്ഞു. ഇന്ത്യയുമായി വരാനിരിക്കുന്ന കരാറിനെക്കുറിച്ചും ഈ മാസത്തിന്റെ തുടക്കത്തിൽ ലുത്നിക് സംസാരിച്ചിരുന്നു. ശുഭാപ്തി വിശ്വാസത്തിലാണെന്ന പറഞ്ഞ അദ്ദേഹം, കരാർ ഇരുരാജ്യങ്ങൾക്കും ഗുണകരമാകുന്ന തരത്തിലായിരിക്കുമെന്ന സൂചനയും നൽകിയിരുന്നു.
ജൂലൈ ഒന്പതിനു കരാറുണ്ടാക്കാൻ നീക്കം
വാഷിംഗ്ടൺ ഡിസി: കൊമേഴ്സ് ഡിപ്പാർട്ട്മെന്റിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാളിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം വ്യാപാര ചർച്ചകളുടെ അടുത്ത ഘട്ടത്തിനായി യുഎസിലെത്തിയ ദിവസംതന്നെയാണ് ഇന്ത്യയുമായു ള്ള കരാറിനെ ക്കുറിച്ച് ട്രംപിന്റെ പ്രഖ്യാപനവും. ഇടക്കാല വ്യാപാരക്കരാറിനായുള്ള ചർച്ചകളിലാണ് ഇന്ത്യയും യുഎസും. ജൂലൈ ഒൻപതിന് മുൻപ് അന്തിമ ഉടന്പടിയുണ്ടാക്കാനാണ് നീക്കം. യുഎസിന് ഡ്യൂട്ടി ഇളവുകൾ നൽകാൻ ഇന്ത്യ മടിക്കുന്നത് കാർഷിക, ഡെയറി മേഖലകളിലാണ്. വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, വൈനുകൾ, ആപ്പിളുകൾ, ജനിതക മാറ്റം വരുത്തിയ കാർഷിക വിളകൾ എന്നിവയ്ക്കാണ് യുഎസ് ഡ്യൂട്ടി ഇളവുകൾ ആവശ്യപ്പെടുന്നത്. കായികാധ്വാനം വളരെയേറെ ആവശ്യമുള്ള ടെക്സ്റ്റൈൽ, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്ക്, രാസവസ്തുക്കൾ, മുന്തിരി, വാഴപ്പഴം, ചെമ്മീൻ എന്നിവയ്ക്ക് ഇളവ് ലഭിക്കണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. ഒക്ടോബറോടുകൂടി ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ആദ്യ ഘട്ടത്തിനായുള്ള ചർച്ചകൾ അവസാനിപ്പിക്കാനാണ് ഇരുരാജ്യങ്ങളുടെയും ശ്രമം. 2030 ആകുന്നതോടെ ഉഭയകക്ഷിവ്യാപാരം നിലവിലെ 191 ബില്യണിൽനിന്ന് 500 ബില്യൺ യുഎസ് ഡോളറിലെത്തിക്കാനുള്ള പദ്ധതിയാണിത്.